National
ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മൂന്നാംഘട്ടം തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. എസ്ഐആർ ഇനിയും അരങ്ങേറാത്ത 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് മൂന്നാം ഘട്ടം ആരംഭിക്കുക. മേയ് 30 മുതൽ ഘട്ടംഘട്ടമായാണ് എസ്ഐആർ ഇവിടങ്ങളിൽ ആരംഭിക്കുക.
മൂന്നാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ഹിമാചൽ പ്രദേശ്, ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവ ഒഴികെ, രാജ്യം മുഴുവനും വോട്ടർപട്ടിക പരിഷ്കരണം നടന്നുകഴിയും.
ഡൽഹി, ഒഡീഷ, മിസോറം, സിക്കിം, മണിപ്പുർ, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, ഹരിയാന, ഛണ്ഡീഗഡ്, തെലുങ്കാന, പഞ്ചാബ്, കർണാടക, മേഘാലയ, മഹാരാഷ്ട്ര, ജാർഖണ്ഡ്, നാഗാലാൻഡ്, ത്രിപുര, ദാദർ ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്ഐആറിന്റെ മൂന്നാംഘട്ടം ആരംഭിക്കുക.
മൂന്നാംഘട്ടത്തിൽ ഏകദേശം 36.73 കോടി വോട്ടർമാരെയാണ് വോട്ടർപട്ടികയുടെ പരിശോധനയ്ക്കു വിധേയമാക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിടെ നടന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എസ്ഐആർ നേരത്തെ പൂർത്തിയായിരുന്നു.
Kerala
കൊച്ചി: വടക്കു-കിഴക്കന് സംസ്ഥാനങ്ങളില് ഒരേ ചേസിസ്, എന്ജിന് നമ്പറുകളില് രജിസ്റ്റര് ചെയ്തത് 15,849 വാഹനങ്ങളെന്ന് കംപ്ട്രോളര് ആൻഡ് ഓഡിറ്റ് ജനറല് (സിഎജി) റിപ്പോര്ട്ട്. ആസാമിലെയും മറ്റ് ഏഴു വടക്കു-കിഴക്കന് സംസ്ഥാനങ്ങളിലെയും വാഹന് ഡാറ്റാബേസ് പരിശോധിച്ചപ്പോഴാണ് 15,849 വാഹനങ്ങള് ഒരേ ചേസിസ്, എന്ജിന് നമ്പറുകളില് രജിസ്റ്റര് ചെയ്തതായി കണ്ടെത്തിയത്.
ഫെബ്രുവരി 19ന് ആസാം നിയമസഭയില് സമര്പ്പിച്ച സിഎജി റിപ്പോര്ട്ടിലാണ് ഈ കണ്ടെത്തല്. റിപ്പോര്ട്ട് പ്രകാരം 12,112 വാഹനങ്ങളും (ഏകദേശം 76 ശതമാനം) ആസാമിലാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. നിര്ബന്ധിത നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റ് (എന്ഒസി) ഇല്ലാതെയാണ് ഇവ രജിസ്റ്റര് ചെയ്തത് എന്നതു ഗൗരവകരമാണെന്ന് റിപ്പോര്ട്ടില് പറയുന്നു.
ഇന്ത്യയിലെ നിയമപ്രകാരം ഒരു വാഹനത്തിന് ഒരുസമയത്ത് ഒരു തനതായ രജിസ്ട്രേഷന് നമ്പര് മാത്രമേ പാടുള്ളൂ. മറ്റൊരു സംസ്ഥാനത്തേക്കു മാറുമ്പോള് പഴയ രജിസ്ട്രേഷന് റദ്ദാക്കി പുതിയത് എടുക്കണം. ഇതു ലംഘിച്ചാണ് രജിസ്ട്രേഷനുകള് നടത്തിയതെന്നും റിപ്പോര്ട്ട് പറയുന്നു.
National
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ അപര്യാപ്തമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കം ചെയ്യാൻ ചെയ്യുന്നതിന് സംസ്ഥാനങ്ങൾ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ വാദം തുടരുന്നതിനിടയിലാണു നിരീക്ഷണം. നായപ്രേമികളുടെയും സംസ്ഥാനങ്ങളുടെയും അതിക്രമം നേരിട്ടവരുടെയും ഉൾപ്പെടെ വിശദമായ വാദമാണ് മൂന്നംഗ ബെഞ്ചിന് മുന്നിൽ നടക്കുന്നത്.
സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച ചില കണക്കുകളിലും സുപ്രീംകോടതി ഇന്നലെ ആശ്ചര്യം പ്രകടിപ്പിച്ചു. ആസാമിൽ മാത്രം 2024ൽ നായ്ക്കളുടെ കടിയേറ്റ ഒന്നര ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും തെരുവുനായ സംരക്ഷണത്തിനായി ഒരു സെന്റർ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന കാര്യം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ഗുജറാത്തിൽ ഇത്തരം സെന്റർ ഉണ്ട് എന്നത് സംബന്ധിച്ച യാതൊരു വിവരവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ജാർഖണ്ഡിൽ 1.6 ലക്ഷം തെരുവുനായ്ക്കളെ വന്ധ്യകരണം നടത്തിയെന്ന കണക്ക് സംസ്ഥാനം പെരുപ്പിച്ച കാണിക്കുന്നതായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെയും ഗോവയിലെയും ബീച്ചുകളിലെ തെരുനായ്ക്കളുടെ സാന്നിധ്യം വാദത്തിനിടയിൽ അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടി. ആത്യന്തികമായി വിനോദസഞ്ചാര മേഖലയെ ഇത് ബാധിക്കുമെന്ന് കോടതിയും വ്യക്തമാക്കി. കേസിൽ വാദം ഇന്നും തുടരും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്ത്തികളിലും പരിശോധന നടത്താന് പ്രത്യേക ടീമുകളെ നിയോഗിച്ചു.
കാസര്ഗോഡ്, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില് കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറന്ന് പ്രവര്ത്തിക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര് വരെ തുടരും.
ഡിസംബര് ഏഴിന് വൈകുന്നേരം ആറ് മുതല് തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: ജമ്മു കാഷ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
കാഷ്മീരിലെ ഒമ്പത് സ്ഥലങ്ങളിലും, ബിഹാറിലെ എട്ട് സ്ഥലങ്ങളിലും, ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് തെരച്ചിൽ നടന്നത്.
കാഷ്മീരിലെ ബാരാമുള്ള, കുൽഗാം, അനന്ത്നാഗ്, പുൽവാമ ജില്ലകളിൽ തെരച്ചിൽ നടന്നു.